Thursday, January 3, 2019


രാഷ്ട്രപതി ഭരണം- ചില അടിസ്ഥാന കാര്യങ്ങൾ

കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരം നൽകുന്ന ഫെഡറൽ സംവിധാനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉണ്ടെങ്കിലും ഇന്ത്യൻ ഭരണഘടന എവിടെയും ഇന്ത്യ ഒരു ഫെഡറേഷൻ ആണെന്ന്  പറയുന്നില്ല. മാത്രമല്ല ‘Union of States’ എന്നാണ് നിർവചിച്ചിരിക്കുന്നത്. ചിതറിക്കിടന്നിരുന്ന നാട്ടു രാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യകളും ചേർത്ത് ഇന്ത്യ രൂപീകരിച്ചപ്പോൾ ഭൂമിശാസ്ത്രപരമായും, മതപരമായും, സംസ്ക്കാരികമായും, ഭാഷാപരമായും എല്ലാം ഇത്രയധികം വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിനെ ഒരുമിച്ച് നില നിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഒരു ഫെഡറേഷൻ ആയി നിലനിൽക്കുന്നതിലെ  ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടാകണം Constituent Assemblly അങ്ങനെ ഒരു തീരുമാനം എടുത്തത്.

സംസ്ഥാനത്തിനും കേന്ദ്രത്തിനുമുള്ള അധികാരങ്ങൾ വ്യക്തമായി ഭരണഘടനയിൽ തരംതിരിച്ചിട്ടുണ്ടെങ്കിലും സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ എല്ലാ അധികാരങ്ങളും കേന്ദ്രത്തിൽ അധിഷ്ഠിതമാക്കാനുള്ള വകുപ്പുകൾ ഭരണഘടനയിൽ തന്നെ ഉള്ളതായി കാണാം. അതിൽ പ്രധാനപ്പെട്ടതാണ് രാഷ്‌ട്രപതി ഭരണം.

രാജ്യത്തിൻറെ പരമാധികാരം, ഐക്യം, സുരക്ഷിതത്വം തുടങ്ങിയവ സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് ഭരണഘടനയിൽ രാഷ്‌ട്രപതി ഭരണം എന്ന വിശേഷാധികാരം ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അധികാരമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് കടന്നു കയറാനായി രാഷ്ട്രീയപ്രേരിതമായി കേന്ദ്രസർക്കാർ ഏറ്റവുമധികം ദുരുപയോഗം ചെയ്ത വകുപ്പുകളിൽ ഒന്നുകൂടിയാണിത്. കേരളത്തിൽ 1956, 1959, 1964, 1970, 1979 എന്നീ വർഷങ്ങളിൽ രാഷ്‌ട്രപതി ഭരണം നടപ്പാക്കിയിട്ടുണ്ട്. 1959 ൽ ആഭ്യന്തരപ്രശ്നങ്ങളായിരുന്നു കാരണമെങ്കിൽ ബാക്കി നാല്  തവണയും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ആയിരുന്നു കാരണം.


Article 356 & 365 ആണ്  രാഷ്‌ട്രപതി ഭരണത്തെക്കുറിച്ച് ഭരണഘടനയിൽ പറയുന്നത്
  1. Article  356 : ഭരണഘടനയനുസരിച് സംസ്ഥാനത്ത് സർക്കാരിന് കാര്യങ്ങൾ നടത്താൻ പറ്റാതെ  വരുമ്പോഴും ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലും രാഷ്‌ട്രപതി ഭരണം നടപ്പിലാക്കാം
  2. Article 365: ഭരണഘടന അനുശാസിക്കുന്ന കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാന സർക്കാർ പ്രവർത്തിക്കാതെ വരുമ്പോൾ അതിനെ ഭരണഘടനാ ലംഘനമായി വിലയിരുത്തി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താം

Article 74 അനുസരിച്ച് രാജ്യത്തിൻറെ തലവൻ ആണെങ്കിലും പ്രധാനമന്ത്രി അധ്യക്ഷനായ  മന്ത്രിസഭയുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയു എന്നതുകൂടി ഇതിനോട് ചേർത്ത്  വായിക്കേണ്ടതുണ്ട്.

രാഷ്‌ട്രപതി ഭരണം വരുന്നതോടുകൂടി ഉണ്ടാകുന്ന പ്രധാനമായ ചില കാര്യങ്ങൾ കൂടി
  1. മന്ത്രിസഭ പിരിച്ചു വിടുന്നു
  2. നിയമസഭ പിരിച്ചുവിടുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നു
  3. ഭരണത്തിന്റെയും നിയമനിര്മാണത്തിന്റെയും പൂർണാധികാരം രാഷ്‌ട്രപതി ഏറ്റെടുക്കുന്നു, ഇത് രണ്ടും രാഷ്ട്രപതിയുടെ നിർദേശപ്രകാരം ഗവർണറിലൂടെ നടപ്പിലാക്കുന്നു.

6 മാസത്തേക്കാണ് രാഷ്‌ട്രപതി ഭരണം നിലവിൽ വരുന്നതെങ്കിലും 6 മാസം കൂടുമ്പോൾ പുനർനിർമാണം നടത്തി 3 വർഷം വരെ തുടർന്നുകൊണ്ടുപോകാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും രാഷ്ട്രപതിക്ക് പിൻവലിക്കാനുമുള്ള അധികാരവും ഉണ്ട്.

മനസ്സിലാക്കിയ  കുറച്ച് കാര്യങ്ങളെ പറഞ്ഞിട്ടുള്ളു, തെറ്റുണ്ടാകാൻ സാധ്യത ഉണ്ട്. എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ തിരുത്തുന്നതാണ്.